ലിച്ചിയോടും മുന്തിരിയോടും സമാനമായ സ്വാദ്, നേരിയ കര്‍പ്പൂരഗന്ധം; ലോംഗന്‍ എന്ന മധുരഫലം
എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസമാകുമ്പോള്‍ ചൈനയില്‍ ഫ്യൂജിയനിലെ കായന്റ്റാങ് കടലിൽ വേലിയേറ്റം ഉണ്ടാകുക പതിവായിരുന്നു. കടല്‍ജലം വല്ലാതെ ഉയരുന്ന സന്ദര്‍ഭം. ഈ അവസരത്തില്‍ ഭ്രാന്തമായ അലര്‍ച്ചയോടെ തീരത്തെയാകെ വിഴുങ്ങാന്‍ എത്തുന്ന കൂറ്റന്‍ കടല്‍ത്തിരമാലകള്‍ ആ ചുറ്റുവട്ടത്തെ വീടുകളും കാര്‍ഷിക വിളകളും എല്ലാം നശിപ്പിച്ച് നാമാവശേഷമാക്കും. എണ്ണിയാല്‍ തീരാത്തത്ര ആളുകളും കന്നുകാലികളും വെള്ളപ്പൊക്കത്തില്‍പ്പെട്ട് ജീവൻ വെടിയും. എന്നാല്‍, ഈ ദുരന്തങ്ങള്‍ക്കിടയിലും 'കൂനിന്‍മേല്‍ കുരു' എന്നു പറഞ്ഞതുപോലെ എവിടെ നിന്നോ ഒരു വ്യാളിയും രംഗത്തവതരിക്കും. നിലയില്ലാ വെള്ളത്തില്‍ പെടാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വ്യാളി വല്ലാതെ ഭീതിപ്പെടുത്തി ഉപദ്രവിക്കുകയും ചെയ്യും. വേലിയേറ്റത്തേക്കാള്‍ പലപ്പോഴും പരിസരവാസികള്‍ ക്രൂരനായ ഈ വ്യാളിയെ പേടിച്ചായിരിക്കും പലപ്പോഴും അന്യസ്ഥലങ്ങളിലേക്ക് ജീവല്‍ഭയത്താല്‍ പലായനം ചെയ്യുക. അവര്‍ വീടുവിട്ടോടി ദൂരെയേതെങ്കിലും ഗുഹകളിലോ മറ്റോ പോയി ഒളിച്ചിരിക്കും. ഒരേസമയം രണ്ട് ഒഴിയാബാധകള്‍; ഒരു വശത്ത് ദുസ്സഹമായ വേലിയേറ്റം; മറുവശത്ത് വ്യാളിയുടെ ഉപദ്രവം. കുറേനേരത്തെ മല്‍പിടിത്തത്തിനുശേഷം വ്യാളി ചത്തുമലച്ചു. അപ്പോഴേക്കും ലോംഗനും വല്ലാതെ ക്ഷീണിച്ചവശനായിരുന്നു. ദേഹമാസകലം മുറിവു പറ്റിയിരുന്നു. ശരീരം മുഴുവന്‍ നീറ്റലും വേദനയും അവശതക്കിടയിലും ലോംഗന്‍ താന്‍ തുരന്നെടുത്ത വ്യാളിയുടെ കണ്ണുകള്‍ നോക്കി. അപ്പോള്‍ അത് അവിടെങ്ങും ഉണ്ടായിരുന്നില്ല. എന്നാല്‍, അടുത്ത വര്‍ഷം വേനല്‍ക്കാലമായപ്പോള്‍ ആ പ്രദേശം മുഴുവന്‍ ഒരു പ്രത്യേകതരം ചെടി വളര്‍ന്നു മൂടി. അതിലൊക്കെ നിറയെ പഴങ്ങള്‍ പിടിച്ചു. ഓരോ പഴത്തിനുള്ളിലും കണ്ണിലെ കൃഷ്ണമണി പോലെ കറുത്ത ഓരോ വിത്തും ചുറ്റിനും മാംസളഭാഗവും ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കണ്ണുകളാണെന്നേ തോന്നൂ. ദുഷ്ടനായ വ്യാളിയുടെ കൈകളില്‍നിന്ന് തങ്ങളെ രക്ഷിച്ച ധീരനായ ലോംഗന്റെ ഓര്‍മയ്ക്ക് അന്നാട്ടുകാര്‍ ആ പഴത്തിന് 'ലോംഗന്‍ ഫ്രൂട്ട്' എന്ന് പേരും നല്‍കി. കാഴ്ചയ്ക്ക് ഡ്രാഗന്റെ കണ്ണുകളോട് സമാനമായ പേരായതിനാല്‍ ആ പേര് നാടെങ്ങും പ്രസിദ്ധമായി. ഇതാണ് ലോംഗന്‍ എന്ന മധുരഫലത്തിന്റെ പിറവിക്കു പിന്നിലെ കഥ.
'ഡ്രാഗണ്‍സ് ഐ' എന്ന ലോംഗന്‍ പഴം
ചൈനയും ലോംഗനുമായുള്ള ദൃഢബന്ധത്തിന് 2000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് ഇത് ചൈനയിലെ സമ്പന്നര്‍ക്കും ഉന്നതാധികാരികള്‍ക്കും മാത്രം ലഭ്യമായ വിശിഷ്ടഫലമായാണ് കണക്കാക്കിയിരുന്നത്. ലോംഗന്റെ പിറവി ചൈനയുടെ മണ്ണില്‍ തന്നെ. എന്നാല്‍, മ്യാന്‍മറിനും ദക്ഷിണ ചൈനയ്ക്കും ഇടയ്ക്കുള്ള പര്‍വതനിരകളിലാണ് ലോംഗന്‍ പിറന്നതെന്നും അഭിപ്രായമുണ്ട്. തുടക്കത്തില്‍ രാജാക്കന്‍മാരും ചക്രവര്‍ത്തിമാരും മാത്രം ആസ്വദിച്ചിരുന്ന പഴം പില്‍ക്കാലത്ത് വാണിജ്യപാതകള്‍ തുടങ്ങുകയും പുരോഗമിക്കുകയും ചെയ്തതോടെയാണ് തായ്‌ലാന്റ്, വിയറ്റ്‌നാം, മലേഷ്യ തുടങ്ങി ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ആരംഭിച്ചത്. എന്നാല്‍, പാശ്ചാത്യനാടുകളിലേക്ക് ഇത് എത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണെന്ന് ചരിത്രരേഖകള്‍ പറയുന്നു. 1800-കള്‍ ആയപ്പോഴേക്കും ഓസ്‌ട്രേലിയയിലും 1900-കളില്‍ ഹവായ്, ഫ്‌ളോറിഡ എന്നിവിടങ്ങളിലും ലോംഗന്‍ എത്തിച്ചേര്‍ന്നു. ഇതേത്തുടര്‍ന്നാണ് ചൈനയ്ക്കു പുറത്തേക്ക് ഇതിന് പ്രചാരം കിട്ടുന്നത്.
ചൈനയില്‍ 200 BCE-യില്‍ (ക്രിസ്തുവിനു മുന്‍പ്) ഹാന്‍ രാജവംശത്തിലെ ചക്രവര്‍ത്തിമാര്‍ ലോംഗന്‍, തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ കൊട്ടാരവളപ്പില്‍ നട്ടുവളര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. അന്ന് അത് വിജയിച്ചില്ല. എങ്കിലും 400 വര്‍ഷത്തിനുശേഷം ലോംഗന്‍ ഫലവൃക്ഷങ്ങള്‍ ചൈയുടെ ഫ്യൂജിയന്‍, ഗ്വാങ്‌ഡോങ് പ്രദേശങ്ങളില്‍ നന്നായി തഴച്ചുവളരുകയും ചെയ്തു. ഇതോടെയാണ് ലോംഗന്‍ കൃഷിക്ക് ഒരു വ്യവസായത്തിന്റെ മുഖം കിട്ടുന്നത്. ഈ ഭാഗത്ത് ലോംഗന്‍ കൃഷി ഒരു വ്യവസായമായി തന്നെ പുരോഗമിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ ഇന്ത്യയിൽ പശ്ചിമ ബംഗാള്‍, ഉത്തര ബീഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗണ്ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ലോംഗന്‍ വളര്‍ത്തുന്നുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കിണങ്ങി വളരുന്ന ഫലസസ്യമാകയാല്‍ കേരളത്തിലും ലോംഗന്‍ വളരുന്നു. കേരളത്തിലെ സമതലങ്ങള്‍ക്കും ഹൈറേഞ്ച് പ്രദേശങ്ങള്‍ക്കും വളരെ യോജിച്ച ഫലവൃക്ഷമാണിത്.
ലോംഗന്‍- പരിചയം
നിത്യഹരിത ഫലവൃക്ഷമാണ് ലോംഗന്‍. 'ഡിമോക്കാര്‍പ്പസ് ലോംഗന്‍' (Dimocarpus Longan) എന്ന് സസ്യനാമം. സാപ്പിന്‍ഡേസി സസ്യകുലത്തിലെ അംഗം. 9 മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. സമൃദ്ധമായ അന്തരീക്ഷ ആര്‍ദ്രതയും ചൂടുമുള്ള കാലാവസ്ഥയും ഏറെ ഇഷ്ടം. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും സമശീതോഷ്ണ മേഖലയിലും സാമാന്യം നന്നായി വളരും. സമുദ്രനിരപ്പില്‍നിന്ന് 1500 അടി വരെ ഉയരത്തില്‍ ലോംഗന്‍ സ്വാഭാവികമായിത്തന്നെ വളരുന്നുണ്ട്. നീര്‍വാര്‍ച്ചയുള്ള മണ്ണും 20 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും മധ്യേയുള്ള അന്തരീക്ഷ താപനിലയും ഇതിനുത്തമമാണ്. മണല്‍ കലര്‍ന്ന എക്കല്‍മണ്ണ് സമൃദ്ധമായി ലഭിക്കുന്ന പ്രദേശങ്ങളിലാണ് ലോംഗന്‍ തഴച്ചു വളരുന്നത്. ബംഗാളിലും ബീഹാറിലും ചില പ്രദേശങ്ങളില്‍ ഈ ഫലസസ്യത്തിന് മികച്ച വേരോട്ടമുണ്ടാകാന്‍ ഒരു കാരണം ഇതാണ്. ഉത്തര ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഇത് സമൃദ്ധമായി വളരുന്നുണ്ട്. അവിടെ ഇത് മറ്റൊരു പ്രധാന ഫലവൃക്ഷമായ ലിച്ചിയുമായി ചേര്‍ന്നാണ് വളരുന്നത്. മുസാഫര്‍പൂറില്‍ തന്നെയുള്ള ലിച്ചി ഗവേഷണ കേന്ദ്രം (National research center for Litchi) ഇതു സംബന്ധിച്ച ഗവേഷണ പഠനങ്ങളും നടത്തിവരുന്നുണ്ട്. ബീഹാറിലെ കര്‍ഷകര്‍ക്ക് ലോംഗന്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പ്രോത്സാഹനവും നല്‍കുന്നുണ്ട്.