വാഴയുടെ ഒരു പ്രധാനശത്രുവാണ് തണ്ടേൽ പുഴു എന്ന തടതുരപ്പൻ പുഴു. നേന്ത്രനുപുറമേ പാളയങ്കോടൻ, പൂവൻ, ചെങ്കദളി തുടങ്ങിയ ഇനങ്ങളിലെല്ലാം ഇതിൻ്റെ ഉപദ്രവമുണ്ടാകാറുണ്ട്. പെൺവണ്ടകളാണ് വാഴയുടെ തടയിൽ അഥവാ പിണ്ടിയിൽ കുത്തുകളുണ്ടാക്കി, പോളകൾക്കുള്ളിലെ അറകളിൽ മുട്ടകളിടുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ വാഴത്തടയുടെ ഉള്ള് കാർന്നുതിന്നും. യഥാസമയം കണ്ടെത്തി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുലച്ചവാഴയിൽ കുലയുടെ ഭാരംതാങ്ങാനാവാതെ കുലയോടിഞ്ഞു വാഴതന്നെ മറിഞ്ഞുപോകാനും ഇടയുണ്ട്.
നിയന്ത്രണ മാർഗങ്ങൾ
1) വാഴത്തോട്ടത്തിലെ ശുചിത്വമാണ് പ്രധാനം. പുഴുകുത്തിയ പിണ്ടികളും മറ്റും മുറിച്ചുനീക്കി തീയിട്ടു നശിപ്പിക്കുകയോ താഴ്ത്തി കുഴിച്ചിടുകയോ വേണം. വാഴത്തടയിൽ കുത്തുകൾ കാണുകയാണെങ്കിൽ ശ്രദ്ധിക്കണം. ഉടനെ മരുന്നുതളി നടത്തണം. കുലച്ച വാഴയാണെങ്കിൽ കുല വെട്ടിക്കഴിഞ്ഞ് തോട്ടത്തിൽനിന്ന് മാറണം നീക്കി കത്തിക്കാം. അല്ലെങ്കിൽ കുഴിച്ചുമൂടാം.
2) തടയിൽ കാണുന്ന സുഷിരങ്ങളിൽ ക്ലോർപൈറിഫോസ് എന്ന കീടനാശിനി രണ്ടരമില്ലി ഒരുലിറ്റർ വെള്ളത്തിൽ നന്നായി കലക്കി വാഴയുടെ ഇലക്കവിളുകളിൽ തങ്ങിനിൽക്കുംവിധം തളിച്ചുകൊടുക്കുക. ഇതേ കീടനാശിനി, ചുവട്ടിലെ മണ്ണിലൊഴിച്ചുകൊടുക്കുകയും ചെയ്യാം. ഇതല്ലെങ്കിൽ തയോമെത്തോക്സാം എന്ന കീടനാശിനി ഒരുഗ്രാം അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിച്ചുകൊടുക്കുന്നതും പുഴുവിനെ നിയന്ത്രിക്കും
3) പശയുള്ള മണ്ണ് കുഴമ്പുപരുവമാക്കി ഒന്ന്-ഒന്നര മീറ്റർവരെ ഉയരത്തിൽ മാസത്തിലൊരിക്കൽ തേച്ചുകൊടുക്കാം
4) വാഴനട്ട് നാലാംമാസം മുതൽ പുഴുവിൻ്റെ ഉപദ്രവം ഉണ്ടാകാം. അതിനാൽ, ആസമയംതന്നെ 50 ഗ്രാം വേപ്പിൻകുരു പൊടിച്ചത് വാഴക്കവിളിൽ ഇട്ടുകൊടുക്കണം. അല്ലെങ്കിൽ മിത്രനിമാവിര അടങ്ങിയ കടവർ, വാഴയൊന്നിന് നാലെണ്ണം എന്നതോതിൽ വാഴയുടെ ഇലക്കവിളിൽ വെച്ചുകൊടുക്കാം. ഇത് വാഴനട്ട് അഞ്ച്, ആറ്, ഏഴ് മാസങ്ങളിൽ ചെയ്യണം.