Farmers, Buyers, Employers, Job Seekers, Real estate buyers & sellers can register here and use this platform
കർഷകർ, ഉപഭോക്താവ്, തൊഴിലുടമകൾ, ജോലി അന്വേഷിക്കുന്നവർ, റിയൽ എസ്റ്റേറ്റ് ഉപഭോക്താവ് & വിൽപ്പനക്കാർ എന്നിവർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനും കഴിയും

വയമ്പ് കൃഷി എങ്ങനെ?

വയമ്പ് കൃഷി എങ്ങനെ?
29-08-2025

ബുദ്ധിവികാസത്തിനും കണ്ഠശുദ്ധിക്കും ആയുർവേദം എടുത്തുപറഞ്ഞിട്ടുള്ള അമൂല്യ ഔഷധിയാണ് വയമ്പ്. ഉഗ്രഗന്ധ, ജടിലഃ, ലോമശഃ എന്നീ സംസ്‌കൃത നാമങ്ങളിൽ അറിയപ്പെടുന്ന വയമ്പ് ഇംഗ്ലീഷിൽ സ്വീറ്റ്ഫ്‌ലാഗ്, കലാമസ് എന്നും വിളിക്കുപ്പെടുന്നു. അരേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം അക്കോറസ് കലാമസ് എന്നാണ്.

കലാമസ് തൈലം, വയമ്പിന്റെ എല്ലാ ഭാഗത്തും അടങ്ങിയിട്ടുണ്ട്. അക്കോറിൻ എന്ന ഗ്ലൂക്കോസൈഡ്, ആൽക്കലോയ്ഡ്‌സ് ഇവ മൂലകാണ്ഡത്തിൽ പ്രധാനമായി അടങ്ങിയിരിക്കുന്നു. ഇതിന്റെ തൈലത്തിൽ കലാമിൻ, കലാമോൾ, കലാമിനോൾ, അസറോൺ ഇവ അടങ്ങിയിട്ടുണ്ട്. ഇലയിൽ ഓക്‌സാലിക് ആസിഡും കാൽസ്യവും ഉണ്ട്.

ആയുർവേദത്തിൽ ധാരാളം ഔഷധയോഗങ്ങളിൽ വയമ്പ് ഒരു പ്രധാനഘടകമാണ്. ധന്വന്തരം കഷായം, മഹാതിക്തകം കഷായം, മഹാരാസ്‌നാദി കഷായം ബ്രാഹ്‌മരാസായനം ഇവ അവയിൽ ചിലത് മാത്രമാണ്.

ഓർമ്മശക്തി, സ്വരം എന്നി വർധിപ്പിക്കുവാൻ വയമ്പ് നല്ലതാണ്. ഉൻമാദം, അപസ്മാരം തുടങ്ങിയ മാനസിക അസ്വാസ്ഥ്യങ്ങളെ ശമിപ്പിക്കുവാൻ വയമ്പിന് കഴിവുണ്ട്. അഗ്നിദീപ്തി ഉണ്ടാക്കാനും മലബന്ധവും മൂത്രതടസ്സവും അകറ്റാനും ദന്തരോഗങ്ങൾക്കും ഇത് നിർദേശിക്കാറുണ്ട്.

40 സെമീ ഉയരം വയ്ക്കുന്ന സസ്യമാണിത്. ഇലകൾക്ക് നല്ല തിളക്കവും കട്ടിയും ഉണ്ടാകും. ഇലകൾക്ക് അല്പം എരിവുമുണ്ട്. ഇതിന്റെ പ്രകന്ദമാണ് ഔഷധയോഗ്യമായ ഭാഗം. നെല്ലിന്റേതിന് സമാനമായ രീതിയിലാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ഏറെ ഈർപ്പം ആവശ്യമുള്ള ഈ സസ്യം ഭാരതത്തിലും ബർമ്മയിലും ധാരാളമായി കണ്ടുവരുകയും കൃഷി ചെയ്യുകയും ചെയ്യുന്നു.

ഒരു വർഷം പ്രായമായ രണ്ടു മുതൽ മൂന്ന് മുകുളങ്ങളുള്ള പ്രകന്ദങ്ങളാണ് നടീൽ വസ്തുവായി അനുയോജ്യം. രണ്ടുമൂന്നു തവണ ഉഴുതുമറിച്ച് നനച്ച് വീണ്ടും ഉഴുതുമറിച്ച് നെല്ലിനായി നിലം ഒരുക്കുന്നതുപോലെയാണ് നിലം ഒരുക്കേണ്ടത്. മുളപ്പിച്ച പ്രകന്ദങ്ങൾ 30X30 സെന്റിമീറ്റർ അകലത്തിലും അഞ്ച് സെന്റിമീറ്റർ ആഴത്തിലും നടണം. വളർച്ച നിരക്ക് വളരെ വേഗത്തിലായതിനാൽ നടീലിന്റെ രണ്ടാംദിവസം മുളകൾ ദൃശ്യമാകും. വെള്ളത്തിൽ മുങ്ങികിടക്കാൻ പാകത്തിൽ പുഴയുടെയോ കനാലിന്റെയോ തീരങ്ങൾ തിരഞ്ഞെടുക്കണം. പ്രാരംഭത്തിൽ ജലനിരപ്പ് അഞ്ച് സെമീ ആയിരിക്കണം. പിന്നീട് 10 സെമീ ആയി വർധിപ്പിക്കണം.

പറിച്ചുനട്ട് ഒരു വർഷത്തിന് ശേഷം വിളവെടുക്കാം. ഇലകൾ മഞ്ഞ നിറമാകുന്നതും പിന്നീട് ഉണങ്ങുന്നതും നോക്കിയാണ് വിളയുടെ പക്വത നിർണ്ണയിക്കുന്നത്. ചെടി പിഴുതെടുക്കാൻ ആവശ്യമായ ഈർപ്പം മാത്രം നിലനിർത്തിക്കൊണ്ട് കൃഷിയിടം ഭാഗികമായി ഉണക്കണം. വേരോടെ പിഴുതെടുക്കുന്ന ചെടിയുടെ വേര്ഭാഗം വെള്ളത്തിൽ കഴുകി അഞ്ച് മുതൽ ഏഴര സെമീ നീളത്തിൽ മുറിച്ച് നാരുകളുള്ള വേരുകൾ നീക്കം ചെയ്യുന്നു. ശേഷം തണലിൽവെച്ച് ഉണക്കിയെടുക്കുന്നു.

വയമ്പിന്റെ വിപണിവില ഇപ്പോൾ ഉയർന്നിട്ടുണ്ട്. ഒരു മാസം മുമ്പുവരെ കിലോയ്ക്ക് 90-100 വരെ ഉണ്ടായിരുന്നത് ഇപ്പോൾ 175-200 വരെ ആയിട്ടുണ്ട്.