Farmers, Buyers, Employers, Job Seekers, Real estate buyers & sellers can register here and use this platform
കർഷകർ, ഉപഭോക്താവ്, തൊഴിലുടമകൾ, ജോലി അന്വേഷിക്കുന്നവർ, റിയൽ എസ്റ്റേറ്റ് ഉപഭോക്താവ് & വിൽപ്പനക്കാർ എന്നിവർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനും കഴിയും

നീല അമരി കൃഷി എങ്ങനെ?

നീല അമരി കൃഷി എങ്ങനെ?
19-08-2025

നീല, നീലിനി, നീലിക എന്നിങ്ങനെയുള്ള പേരുകളിൽ ആയുർവേദത്തിൽ പരാമർശിക്കുന്ന നീല അമരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ കേശ ഔഷധങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു. ഫാബസീ എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം ഇൻഡിഗോഫെറ ടിങ്‌ടോറിയ എന്താണ്.

ധാരാളം ഔഷധഗുണങ്ങളുള്ള ഈ ചെടിക്ക് കരൾ, പ്ലീ രോഗങ്ങളെ ശമിപ്പിക്കാനും എല്ലുകളുടെയും സന്ധിരോഗങ്ങളുടെയും ശമനത്തിനും കഴിവുണ്ട്. പ്രകൃതിദത്തമായി നരച്ച മുടിയെ കറുപ്പിക്കാനും മുടിവളർച്ച ത്വരിതപ്പെടുത്താനും മുടികൊഴിച്ചിൽ തടയാനും കഴിവുണ്ട്. നീലഭൃംഗാദി കേരം, ചെമ്പരത്യാദി കേരം, ത്രിഫലാദി തൈലം എന്നീ ഔഷധയോഗങ്ങളിലെല്ലാം നീല അമരി ഒരു പ്രധാന ചേരുവയാണ്. വിഷശമന ഗുണം കൂടി നീലഅമരിക്കുണ്ട്.

നീല അമരിയിലടങ്ങിയിട്ടുള്ള ഇൻഡിഗോട്ടീൻ ഇൻഡിറൂബിൻ, എന്നീ രാസഘടകങ്ങളാണ് ഇതിൽനിന്ന് നീല കളർ ഡൈ ഉണ്ടാക്കാൻ കാരണമാകുന്നത്. ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് നീല അമരി. ധാരാളം തണ്ടുകളും ശിഖിരങ്ങളും ഇതിനുണ്ട്. ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ബംഗാൾ, ബിഹാർ ഇവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. വയലുകളിലും റോഡരികുകളിലും മറ്റ് മരങ്ങളുടെ ഇടയിലും ധാരാളമായി വളരും.

തുടർച്ചയായ മഴ, വെള്ളം കെട്ടിനിൽക്കൽ, വെള്ളപ്പൊക്കം ഇവ സസ്യങ്ങളെ നശിപ്പിക്കും. അമിതമായ ചൂടും ചൂടുള്ള കാറ്റും ചെടി വാടിപ്പോവാൻ കാരണമാകും. വിത്തുകൾ ഉപയോഗിച്ച് പ്രജനനം നടത്താം. പോട്ടിങ് മിശ്രിതം നിറച്ച പോളീബാഗുകളിലോ നിലത്ത് കൂന കൂട്ടിയുണ്ടാക്കുന്ന തടങ്ങളിലോ വിത്തുകൾ നടാം. ഏകദേശം 4-5 ദിവസം കൊണ്ട് വിത്തുകൾ മുളക്കും. വിത്തുകൾക്ക് കട്ടിയുള്ളപുറംതോടുള്ളതിനാൽ രാത്രി മുഴുവൻ കുതിർത്ത് വച്ചതിന് ശേഷമോ സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ച് സ്‌കാർഫിക്കേഷൻ നടത്തുകയോ ചെയ്യുന്നത് വിത്ത് മുളക്കൽ 90 ശതമാനം മെച്ചപ്പെടുത്തും. ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാൻ 20-30 കിലോഗ്രാം വിത്ത് വരെ ആവശ്യം വരാം.

കൃഷിയിടത്തിൽ നടാൻ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളാണ് ഏറ്റവും അനുയോജ്യം. 30 സെന്റി മീറ്റർ X 30 സെന്റി മീറ്റർ അകലത്തിൽ തൈകൾ നടാം. പയർ വർഗ്ഗത്തിൽപ്പെട്ട ചെടിയായതിനാൽ ഇതിന്റെ വേരിലെ മുഴകളിലൂടെ നൈട്രജൻ ഉത്പാദിപ്പിക്കുന്നതിനാൽ അധിക വളപ്രയോഗം ആവശ്യമില്ല.

ചെടികൾക്ക് 4-5 മാസം പ്രായമാകുമ്പോൾ സാധാരണയായി പൂവിടുന്ന ഘട്ടത്തിൽ തറനിരപ്പിൽനിന്ന് 10-20 സെന്റി മീറ്റർ ഉയരത്തിൽ ശാഖകൾ മുറിച്ചെടുക്കാം. കനത്ത മഴയ്ക്ക് മുന്നേ വിളവെടുക്കണം. കാരണം, കനത്ത മഴ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം മുഴുവൻ വിളയും നശിച്ചേക്കാം. ഒരു വർഷത്തിൽ മൂന്ന് വിളവെടുപ്പ് വരെ സാധ്യമാണ്.

നീല അമരിയില പച്ച കിലോയ്ക്ക് 150 മുതൽ 250 രൂപ വരെ വിപണിവില ഉണ്ടാകാറുണ്ട്. ഉണങ്ങിയ ഇലയുടെ പൊടിക്ക് കിലോയ്ക്ക് 1000 മുതൽ 1700 വരെ രൂപ വില ലഭിക്കാറുണ്ട്.