പച്ചക്കറികൾ ചിലപ്പോൾ ഒറ്റരാത്രി കഴിയുമ്പോൾ ആകെ വാടിനിൽക്കുന്നത് പതിവുകാഴ്ചയാണ്. എന്തെല്ലാം ചികിത്സകൾ ചെയ്താലും ഇവയെ രക്ഷിക്കുക അത്ര എളുപ്പവുമല്ല. മണ്ണിൽനിന്നുതന്നെ ബാധിക്കുന്ന വാട്ടരോഗമാണിതിനുകാരണം. കൃത്യമായി പറഞ്ഞാൽ ബാക്ടീരിയൽ വാട്ടം. ഇതിനുള്ള ഏകപരിഹാരം എന്നനിലയ്ക്കാണ് കേരള കാർഷിക സർവകലാശാല പച്ചക്കറി തൈകളിൽ ഗ്രാഫ്റ്റിങ് അഥവാ ഒട്ടിക്കൽ സങ്കേതം കണ്ടെത്തുന്നത്. ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ്, അപ്രോച്ച് ഗ്രാഫ്റ്റിങ് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതേക്കുറിച്ചുള്ള അറിവും അനുബന്ധ സൗകര്യങ്ങളുമുണ്ടെങ്കിൽ ആർക്കും ചെയ്യാം.
രോഗബാധ മണ്ണിൽനിന്നാകയാൽ മണ്ണിലേക്കുനിൽക്കുന്ന ഭാഗം അതായത് റൂട്ട് സ്റ്റോക്ക് രോഗപ്രതിരോധശേഷിയും കരുത്തുമുള്ളതാക്കണം. മുകളിലേക്ക് വളരുന്ന ഭാഗം അതായത് സയോൺ നല്ല ഉത്‌പാദനക്ഷമമായതുമാക്കുക. ഇതാണ് ഒട്ടിക്കലിന്റെ കാതൽ. ഇതനുസരിച്ചുവേണം ഒട്ടിക്കൽ ക്രമീകരിക്കാൻ. ആദ്യപടി രോഗപ്രതിരോധശേഷിയുള്ള തൈകൾ തയ്യാറാക്കുക. ഇവയാണ് റൂട്ട് സ്റ്റോക്കാകേണ്ടത്. വഴുതന, തക്കാളി എന്നിവ കാട്ടുചെടിയായി വളരുന്ന പുത്തരിച്ചുണ്ടയിൽ ഗ്രാഫ്‌റ്റ് ചെയ്യാം. ഇതിലാണ് ഉത്പാദനക്ഷമത കൂടിയ വഴുതനയോ തക്കാളിയോ ഒക്കെ ഒട്ടിക്കുന്നത്. മുളപ്പിച്ചെടുത്ത ചുണ്ടത്തയ്യിലേക്ക് ഒരേ കനത്തിലാവണം സയോണും റൂട്ട് സ്റ്റോക്കും. 20-25 ദിവസം പ്രായമായ തൈയാകണം റൂട്ട് സ്റ്റോക്ക്.
സയോണാകട്ടെ 15 മുതൽ 20 ദിവസംവരെ പ്രായമുള്ളതും. സയോൺ ശ്രദ്ധയോടെ കനംകുറച്ച് മുറിച്ച് തയ്യാറാക്കിക്കഴിഞ്ഞാൽ അത് റൂട്ട് സ്റ്റോക്കിന്റെ തലപ്പ് മുറിച്ചുണ്ടാക്കിയ വിടവിലേക്ക് സശ്രദ്ധം ഇറക്കിവെക്കുന്നു. തീരെ ദുർബലമായ തൈകളാകയാൽ മറ്റു ഒട്ടിക്കൽപോലെ ഇവിടെ കെട്ടാൻ കഴിയില്ല. പകരം ഇതിനായുള്ള ചെറിയ ക്ലിപ്പുകൾ വാങ്ങാൻ കിട്ടും. ഇതുവെച്ചാണ് ഒട്ടുസന്ധി ഭദ്രമായി ബന്ധിപ്പിക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് ഒട്ടുചേർന്നുകഴിയുമ്പോൾ ക്ലിപ്പ് ഒഴിവാക്കാം. മാറ്റിനടുമ്പോൾ ക്ലിപ്പുകൾ ഒഴിവാക്കണം. ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണിനുമുകളിൽ നിൽക്കണം. റൂട്ട് സ്റ്റോക്കിൽനിന്നുവരുന്ന പുതിയ മുളകളും സയോണിൽ നിന്നുള്ള വേരുകളും നിർബന്ധമായി മുറിച്ചുമാറ്റണം. ഇങ്ങനെയുള്ള തൈകൾ വളരുമ്പോൾ അവയ്ക്ക് വാട്ടരോഗംവരില്ല. നല്ല വിളവ് തരുകയും ചെയ്യും.