പുരാതനകാലം മുതൽതന്നെ സുഗന്ധവ്യഞ്ജനമായും ഉപയോഗിച്ചുവരുന്ന കറുവപ്പട്ടയുടെ ജന്മദേശം ഇന്ത്യയിലെ തെക്കൻ സംസ്ഥാനങ്ങളും ശ്രീലങ്കയുമാണ്. സിനമോമം സെയ്‌ലാനിക്കം എന്ന ശാസ്ത്രീയനാമം ഉണ്ടായത് തന്നെ, ശ്രീലങ്കയുടെ മുൻനാമമായ സിലോണിൽ നിന്നാണ്. ലോകത്ത് ഏറ്റവും കൂടുതൽ കറുവപ്പട്ട ഉത്പാദിപ്പിക്കുന്ന രാജ്യവും ശ്രീലങ്കയാണ്. ലോറേസി എന്ന സസ്യകുടുംബത്തിൽ ഉൾപ്പെട്ട കറുവപ്പട്ട തമാല, ത്വക്പത്ര, തമാലപാത്രം, വരാങ്ക തുടങ്ങിയ പേരുകളിൽ ആയുർവേദത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കറുവപ്പട്ട, ഏലത്തരി, പച്ചില, നാഗപ്പൂവ് ഇവ നാലും ചേർത്ത് ചതുർജ്ജതം എന്ന് പറയാറുണ്ട്. അരിഷ്ടം, ആസവങ്ങൾ, ലേഹ്യം എന്നിവയിലെ രുചിയും ഗന്ധവും കൂട്ടാനും കറുവാപ്പട്ട ഉപയോഗിക്കാറുണ്ട്. വാത-കഫരോഗങ്ങൾ ശമിപ്പിക്കാനും രുചിയും ദഹനശക്തിയും വർദ്ധിപ്പിക്കാനും കറുവപ്പട്ട ഉപയോഗിക്കുന്നു.
ദന്തധാവന ചൂർണത്തിലെ ഒരു ഘടകമാണ് കറുവപ്പട്ട. മിഠായികൾ, ചൂയിങ് ഗം, മൗത്ത് വാഷ്, ടൂത്ത്‌പെസ്റ്റ്, കോസ്‌മെറ്റിക് പടികൾ ഇവയിലെല്ലാം കറുവപ്പട്ട ഉപയോഗിച്ചു വരുന്നുണ്ട്. അബിനോ എലികളിൽ നടന്ന പരീക്ഷണത്തിൽ ടോട്ടൽ കൊളസ്‌ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡിൻ്റെയും അളവ് കുറയ്ക്കാൻ കറുവപ്പട്ടയ്ക്ക് കഴിവുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സിനാമാൾഡിഹൈഡ്, യൂജിനോൾ, കൗമാരിൻ എന്നീ രാസഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ബലമുള്ള അനേകം ശാഖകളോട് കൂടിയ ഇടത്തരം നിത്യഹരിത വൃക്ഷമാണ് കറുവപ്പട്ട. എട്ടു മുതൽ 17 മീറ്റർ ഉയരത്തിൽ വളരുന്ന ഈ മരത്തിൻ്റെ പുറംതൊലി ചാരനിറത്തിലും അകാന്തടി ഇളം ചുവപ്പുനിറത്തിലും കാണുന്നു. ഇലയ്ക്കും നല്ല സുഗന്ധം ഉണ്ടാകും. ശിഖരങ്ങളോടുകൂടിയ പൂങ്കുലകൾ ആണ് ഇതിനുള്ളത്. വെളുപ്പ് കലർന്ന മഞ്ഞ നിറമുള്ള പൂക്കളാണ് ഉണ്ടാവുക. മരപ്പട്ട ഇലകൾ എല്ലാം തന്നെ ഉപയോഗയോഗ്യമാണ്. കമ്പുകൾ മുറിച്ചെടുത്ത് കറുത്ത തൊലി മാറ്റിയശേഷം പട്ട ഉരച്ച് പ്രത്യേക രീതിയിൽ ചുരുളകൾ ആക്കി ഉണക്കിയെടുക്കുന്നതാണ് വിപണിയിൽ ലഭിക്കുന്ന കറുവപ്പട്ട. എളുപ്പത്തിൽ ലഭ്യമായതും സ്വതവേ വിലകുറഞ്ഞതുമായ കാസ്യ വെറൈറ്റി ഇതിൽ മായമായി കലർന്നു വരാറുണ്ട്. കൗമാരിൻ എന്ന രാസഘടകം കൂടുതലായി അടങ്ങിയതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഹാനികരം കൂടിയാണ്. അതിനാൽ നല്ല ഗുണമുള്ള കറുവപ്പട്ട കൃഷിക്ക് പ്രചരണം കൂടി വരുന്നുണ്ട്.
കമ്പ് മുറിച്ച് നട്ടും തൈകൾ വഴിയും പ്രജനനം നടത്താം. 10 നില നീളവും 2 ഇലകൾ ഉള്ളതുമായ കമ്പുകൾ റൂട്ടിംഗ് ഹോർമോണിൽ മുക്കിയ ശേഷം പോട്ടിംഗ് മിശ്രിതത്തിൽ കുഴിച്ചിട്ട് തണലത്ത് വയ്ക്കണം. ദിവസവും രണ്ടുമൂന്നു പ്രാവശ്യം നനയ്ക്കണം. 45 മുതൽ 60 ദിവസം കൊണ്ട് വേരുപിടിച്ച ശേഷം മാറ്റി കുഴിച്ചിടാം.
എയർ ലയറിംഗ് വഴിയും വിത്ത് വഴി തൈകൾ മുളപ്പിച്ചും പ്രജനനം നടത്താറുണ്ട്. ജൂലായ് മാസങ്ങളിൽ തൈകൾ നടാം. 50സെമിക്സ് 50സെമിക്സ്50സെമി അളവുള്ള കുഴികളിൽ 3മീറ്റർ ഇടവിട്ട് നടണം. കുഴികളിൽ കമ്പോസ്റ്റ് നിറയ്ക്കണം.
കറുവപ്പട്ട മരം പത്തു മുതൽ 15 മീറ്റർ വരെ ഉയരം വയ്ക്കാറുണ്ടെങ്കിലും കൃത്യമായ ശരാശരി മുറിച്ച് രണ്ട് മീറ്റർ ഉയരമുള്ള ഒരു കുറ്റിച്ചെടിയായി നിലനിർത്തുന്നത് നല്ലതാണ്. തറനിരപ്പിൽ നിന്നും 12 സെ.മീ ഉയരത്തിൽ വെട്ടിമാറ്റാം. ഒന്നിടവിട്ട വർഷങ്ങളിൽ ശാഖാവെട്ടിമാറ്റൽ പ്രക്രിയ നടത്താം. ഒന്നു-രണ്ടു സെൻ്റീമീറ്റർ കട്ടിയുള്ള ഒരേപോലെ ബ്രൗൺ നിറമുള്ള കമ്പുകൾ തൊലി ഉരിക്കാൻ പാകം ആയിരിക്കും. എളുപ്പത്തിൽ ഉരിക്കാൻ പറ്റുന്നുണ്ടോ എന്ന് ഒരു ടെസ്റ്റ് കട്ട് ചെയ്ത ശേഷം കമ്പുകൾ വെട്ടി മാറ്റാം. 1-1.25 മീറ്റർ നീളമുള്ള കമ്പുകളിൽ നിന്ന് വിദഗ്ദമായി പ്രത്യേകതരം കത്തി ഉപയോഗിച്ച് തൊലികൾ ഉരിച്ചെടുക്കാം. കമ്പ് മുറിച്ച ദിവസം തന്നെ തൊലി ഉരിച്ചെടുക്കാം. ആദ്യത്തെ ദിവസം തണലത്തും പിന്നീട് നാല് ദിവസം നല്ല വെയിലത്തും ഉണക്കിയെടുക്കണം.
കറുവപ്പട്ടയുടെ വിപണി വില കിലോഗ്രാമിന് 350നു മുകളിൽ ലഭിക്കാറുണ്ട്. അധികം ബുദ്ധിമുട്ടില്ലാതെ നല്ല സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കറുവപ്പട്ട കൃഷിക്ക് കഴിയും.